Sunday, November 28, 2010

മൌനാനുരാഗം...


വിജനമീ ക്ഷേത്രവീഥിയില്‍ കുളി കഴി-
ഞ്ഞീറനായ തുലാവര്‍ഷ സന്ധ്യയില്‍ 
പ്രണയിനീ കണ്ടുമുട്ടി നാമിന്നൊരു 
വിധി നിയോഗത്തിലെന്നപോല്‍ പിന്നെയും

ദശകമേറെ കടന്നു പോയ്‌ ജീവിത 
ദശകളെത്രയോ പിന്നിട്ടു വെങ്കിലും 
കരി നിഴല്‍ കുണ്ടില്‍ വീണ നിന്‍ കണ്‍കളില്‍ 
പ്രണയ ദീപങ്ങളെരിയുന്നു ദീപ്തമായ് 

നിന്റെ പേരെനിക്കറിയില്ല, വീടു മീ; വിജന 
രഥ്യയില്‍ കണ്ടെത്തി തമ്മില്‍ നാം 
പ്രണയ തീവ്രമാം മൌനത്തിനാല്‍ നമ്മള്‍ 
ഹൃദയമല്ലയോ കൈമാറിയാദ്യമായ്...

വ്യഥിത കൌമാര കാലം കടന്നൊരു 
പുതിയ ജീവിതം തേടിയലഞ്ഞ നാള്‍ 
കടലിനപ്പുറതോരോ മഹാപുര ചുഴി-
യിലും മുങ്ങി ജന്മം തുലച്ച നാള്‍ 

വിരഹ ദുഖമില്ലാതെ  വിരല്‍ തുമ്പി-
ലരുമയായി തൊടാന്‍ മോഹമില്ലാതെ 
കരളില്‍ നീയെന്ന ബോധം  പകര്‍ന്നതാ 
മനഘ ചൈതന്യ  ധാരയറിഞ്ഞു ഞാന്‍ 

പ്രണയിനീ നമ്മള്‍ വൃദ്ധര്‍ കൈമാറുവാന്‍ 
പ്രണയമല്ലാതെ ഒന്നുമില്ലാത്തവര്‍ 
പിരിയുവാന്‍ നേരമായി ഘനാ ഘന
ചിറകുമായ്  അടുത്തെത്തുന്നു യാമിനി...

ഇനിവരും ജന്മവീഥിയില്‍ മറ്റൊരു 
വിജന സന്ധ്യയില്‍ കാണാതിരിക്കുമോ...?